ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് പുറത്തുവിട്ട ആഗോള ഭീകര സംഘടനകളെ കുറിച്ചുള്ള റിപ്പോർട്ട് രാജ്യത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ആഗോള തലത്തിലെ 20 കൊടും ഭീകര സംഘടനകളുടെ പട്ടിക അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് തിരുത്തി. റിപ്പോർട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തത തേടിയതിന് പിന്നാലെയാണ് തിരുത്ത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയല്ല മറിച്ച് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ മാവോയിസ്റ്റാണ് തങ്ങൾ ഉദ്ദേശിച്ച ഭീകര സംഘടനയെന്ന് ഏജൻസി വ്യക്തമാക്കി. പിന്നാലെ വെബ്സൈറ്റിൽ നിന്ന് പഴയ റിപ്പോർട്ട് നീക്കി പുതിയത് പ്രസിദ്ധീകരിച്ചു.
ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് പുറത്തുവിട്ട ആഗോള ഭീകര സംഘടനകളെ കുറിച്ചുള്ള റിപ്പോർട്ട് രാജ്യത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. 2022 ലെ ആഗോള ഭീകര പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയതായിരുന്നു റിപ്പോർട്ട്. കേരളത്തിൽ ഇത് ചർച്ച ചെയ്യപ്പെട്ടത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ 12ാമത്തെ ഭീകര സംഘടനയായി വിലയിരുത്തിയതോടെയാണ്. സോഷ്യൽ മീഡിയയിൽ പ്രചാരണം വ്യാപകമായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത തേടിയത്. ഉടനടി ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് റിപ്പോർട്ട് തിരുത്തുകയും ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുകയും ചെയ്തു.
ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ
"ഗ്ലോബൽ ടെററിസം ഇന്റക്സിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. ഡ്രാഗൺഫ്ലൈയുടെ ടെററിസം ട്രാക്കറിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അവരുടെ ഡാറ്റാബേസിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേര് ഉൾപ്പെടുത്തിയും കണ്ടില്ല. ഇത് സംബന്ധിച്ച് മനസിലാക്കിയ ഉടൻ തന്നെ ഞങ്ങൾ നടപടിയെടുത്തു. റിപ്പോർട്ടിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചതിനും ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിനും ഒന്നുകൂടി നന്ദി പറയുന്നു."
ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസിന്റെ പ്രതിനിധി ആൻ പ്രോസറാണ് ഇമെയിലായി വിശദീകരണം നൽകിയിരിക്കുന്നത്. ഇമെയിലിനൊപ്പം തിരുത്തിയ റിപ്പോർട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ റിപ്പോർട്ട് പ്രകാരം ഇസ്ലാമിക് സ്റ്റേറ്റാമ് 2022 ലെ ഏറ്റവും വലിയ ഭീകര സംഘടന. 1045 മരണങ്ങളും 410 ആക്രമണങ്ങളും ഇവർ മൂലം ഉണ്ടായിട്ടുണ്ട്. ലോകസമാധാനത്തിനും സാമ്പത്തിക നിലനിൽപ്പിനും വെല്ലുവിളി ഉയർത്തുന്ന സംഘടനകളെ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോർട്ട്. ഐഎസ്, അൽ ഷബാബ്, ഐഎസ് ഖൊറാസൻ പ്രവിശ്യ, ജമാഅത്ത് നുസ്രത് അൽ ഇസ്ലാം വാ മുസ്ലിമീൻ, ബലോചിസ്ഥാൻ ലിബറേഷൻ ആർമി, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ബോകോ ഹറാം, തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ, ഇസ്ലാമിക് സ്റ്റേറ്റ് സിനാൻ പ്രവിശ്യ, പിഒബി എന്നീ സംഘടനകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
പട്ടികയിൽ 12ാം സ്ഥാനത്തുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് 61 ആക്രമണങ്ങൾ 2022 ൽ നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു. 39 പേർ ഇതുമൂലം കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
