Asianet News MalayalamAsianet News Malayalam

തട്ടിപ്പിന്‍റെ വഴികളെക്കുറിച്ച് പൊലീസിനോട് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് പൊലീസുകാരൻ ഗോകുൽ

യൂണിവേഴ്‍സിറ്റി കോളേജിൽ നിന്ന് തന്നെയാണ് ചോദ്യപേപ്പർ കിട്ടിയതെന്ന നിർണായക വെളിപ്പെടുത്തലാണ് ഗോകുൽ നടത്തിയത്. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപ്പേപ്പർ കിട്ടിയതെന്ന് വെളിപ്പെടുത്തൽ.

gokuls  crucial statement in psc cheating case
Author
Thiruvananthapuram, First Published Sep 4, 2019, 9:48 PM IST

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലായ പൊലീസുകാരൻ ഗോകുൽ. ചോദ്യപേപ്പർ കിട്ടിയത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണെന്ന് ഗോകുൽ മൊഴി നല്‍കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോകുൽ പൊലീസിനോട് കുറ്റങ്ങൾ സമ്മതിച്ചത്. 

ഏറെ നിർണായകമാണ് ഗോകുലിന്‍റെ ഈ മൊഴി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസില്‍ അഞ്ചാം പ്രതിയായ ഗോകുൽ വെളിപ്പെടുത്തൽ നടത്തിയത്. യൂണിവേഴ്‍സിറ്റി കോളേജിൽ നിന്ന് തന്നെയാണ് ചോദ്യപേപ്പർ കിട്ടിയതെങ്കിൽ അതെങ്ങനെ അവിടെ നിന്ന് ചോർന്നുവെന്നതിൽ ക്രൈംബ്രാഞ്ചിന് വിശദമായ അന്വേഷണം നടത്തിയേ തീരൂ.

പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യപേപ്പർ എത്തിച്ചുവെന്നും സഫീറും താനും ചേർന്ന് ഉത്തരങ്ങൾ എസ്എംഎസായി അയച്ചുവെന്നും ഗോകുൽ വെളിപ്പെടുത്തി. സംസ്കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താൻ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുൽ മൊഴി നല്‍കി. പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

ആരാണ് പ്രണവ് സഹായിക്കാനായി വിളിച്ചവർ എന്ന് അറിയില്ലെന്നാണ് ഗോകുൽ പറയുന്നത്. സുഹൃത്തായ പ്രണവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്‍റെ ഉദ്ദേശ്യം. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപ്പേപ്പർ കൈയിൽ കിട്ടിയത്. 

ഉത്തരങ്ങൾ അയക്കാനായി ഉപയോഗിച്ച സിം കാർഡ് ഗോകുലിന്‍റെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് തെളിവായി കണ്ടെടുത്തിട്ടുണ്ട്. ഉത്തരങ്ങൾ എഴുതി വച്ച, കണക്ക് കൂട്ടിയ, അതേ കടലാസിൽത്തന്നെ സിം കാർഡ് പൊതിഞ്ഞു സൂക്ഷിക്കുകയായിരുന്നു. 

ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ പൊലീസിനോട് പറയാനായി വക്കീൽ ഉപദേശിച്ച കാര്യങ്ങൾ ഗോകുൽ ഒരു പേപ്പറിൽ എഴുതി വച്ചു. എന്നാൽ പല തവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്യുകയും, ബന്ധുവീടുകളിലടക്കം തെളിവെടുപ്പ് നടത്തുകയും, പഴുതില്ലാതെ കാര്യങ്ങൾ പൊലീസ് ചോദിക്കുകയും ചെയ്തതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഗോകുൽ കുറ്റങ്ങൾ സമ്മതിച്ചു. 

പിഎസ്‍സി പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ മുൻ എസ്എഫ്ഐ നേതാക്കൾക്കും കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് ഗോകുൽ ഇന്നലെത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോർന്ന് കിട്ടിയ ചോദ്യപ്പേപ്പർ പരിശോധിച്ച് എസ്എംഎസുകളായി ഉത്തരം അയച്ചുവെന്നാണ് ഗോകുൾ പറയുന്നത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുക്കൊടുത്തു എന്നുമാണ് മൊഴി. 

എന്നാൽ, ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നാണ് ഗോകുൽ മൊഴി നല്‍കിയത്. കേസിലെ മറ്റൊരു  പ്രതിയായ സഫീറിനാണ് ചോദ്യപേപ്പർ കിട്ടിയതെന്നാണ് ഗോകുൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കളഞ്ഞുപോയെന്നും ഗോകുല്‍ ഇന്നലെ മൊഴി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios