ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ചെന്നൈ കമ്പനി. ദ്വാരപാല ശില്‍പ്പത്തില്‍ പൊതിഞ്ഞത് സ്വർണം തന്നെയെന്ന് വെളിപ്പെടുത്തല്‍.
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ചെന്നൈ കമ്പനി. ദ്വാരപാല ശില്‍പ്പത്തില്‍ പൊതിഞ്ഞത് സ്വർണം തന്നെയെന്ന് വെളിപ്പെടുത്തല്‍. 1998 ൽ പൊതിഞ്ഞത് സ്വർണം തന്നെ എന്ന് വിജയ് മല്യ കരാർ ഏൽപ്പിച്ച കമ്പനി ഉടമയുടെ മകൻ ജഗന്നാഥൻ വെളിപ്പെടുത്തി. 24 കാരറ്റ് സ്വർണം തന്നെയാണ് സ്വര്‍ണം പൊതിയുന്നതിന് ഉപയോഗിച്ചതെന്നും ശബരിമലയിൽ 8 മാസത്തോളം ജോലി ഉണ്ടായിരുന്നു, ദേവസ്വം പ്രതിനിധികളുടെയും സ്പോൺസറുടെയും മുന്നിൽ വച്ചാണ് പണി നടത്തിയത്. ജോലിക്ക് ശേഷം മല്യ ഏറെ സന്തോഷവാനായിരുന്നു. വിജയ് മല്യ തന്‍റെ അച്ഛനെ അഭിനന്ദിച്ചു. എത്ര വർഷം ആയാലും സ്വർണം തനിയെ ഇല്ലാതാകില്ലല്ലോ? അച്ഛനും, അന്നത്തെ ജോലിക്കാരും മരിച്ചു. ശബരിമലയിലെ വേറെ ജോലികൾ ചെയ്തിട്ടില്ല എന്നും ജഗന്നാഥന്‍ പ്രതികരിച്ചു.
അതിനിടയില്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ വിചിത്രവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം. ആ പെയിന്റ് മങ്ങിയതുകൊണ്ടാണ് സ്വർണ്ണം പൂശാൻ തന്നെ ഏൽപ്പിച്ചത്. തനിക്ക് കിട്ടിയത് സ്വർണ്ണപ്പാളി അല്ല പെയിന്റ് അടിച്ച ചെമ്പു പാളിയാണ്. പെയിന്റ് ആയതുകൊണ്ടാണ് നിറംമങ്ങുന്നത് എന്നാണ് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നതെന്നും പോറ്റി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.
സന്നിധാനത്ത് നിന്ന് കിട്ടിയ അതേ ചെമ്പു പാളിയാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതെന്നും പോറ്റി വാദിക്കുന്നു. ചെമ്പു പാളിയിലെ പെയിന്റ് അടക്കം ക്ലീൻ ചെയ്താണ് അതിൽ സ്വർണം പൂശിയത്. ഈ ചെമ്പു പാളിയിൽ മുമ്പ് സ്വർണം ഉണ്ടായിരുന്നില്ല. താനും മറ്റു രണ്ടുപേരും ചേർന്നുനൽകിയ സ്വർണം ഉപയോഗിച്ചാണ് ശില്പങ്ങളിൽ സ്വർണം പൂശിയതെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.



