Asianet News MalayalamAsianet News Malayalam

കൊറോണ ഇഫക്ട്: സ്വര്‍ണ വില കുതിച്ചു കയറുന്നു

ഫെബ്രുവരി പത്തിന് പവന് 30160 ആയിരുന്നു ഇന്ത്യന്‍ വിപണിയിലെ വില. പത്ത് ദിവസം കൊണ്ട് 720 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

gold price raising in global market due to corona virus effect
Author
Kochi, First Published Feb 20, 2020, 3:35 PM IST

കൊച്ചി: സ്വര്‍ണവിലയിലെ കുതിച്ചു കയറ്റം തുടരുന്നു. പവന് ഇന്ന് 200 രൂപ വര്‍ധിച്ച് 30,880 രൂപയായി. ഗ്രാമിന് 3860 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില. കഴിഞ്ഞ ദിവസം 280 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായത്. 

ആഗോളവിപണിയില്‍ നിലവില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഔണ്‍സിന് 1610 ഡോളറാണ് ആഗോളമാര്‍ക്കറ്റിലെ വില. സ്വര്‍ണവില ഔണ്‍സിന് നാല്‍പ്പത് ഡോളര്‍ വര്‍ധിച്ചേക്കാം എന്നാണ് നിലവിലെ വിലയിരുത്തല്‍. 

ആഗോള സാമ്പത്തിക ശക്തിയായ ചൈനയെ കൊറോണ വൈറസ് ഗുരുതരമായി ബാധിച്ചത് ലോകവിപണിയില്‍ ചെറിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് നിങ്ങുന്നുവെന്ന സൂചന വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് നിക്ഷേപകര്‍. യുഎസ് ഫെഡറര്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയേറാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. 

ഫെബ്രുവരി പത്തിന് പവന് 30160 ആയിരുന്നു ഇന്ത്യന്‍ വിപണിയിലെ വില എന്നാല്‍ പത്ത് ദിവസം കൊണ്ട് 720 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ആഗോളവിപണിയില്‍ വില കേറാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇന്ത്യയിലും സ്വര്‍ണവില ഇനിയും കുതിച്ചു കയറാനാണ് സാധ്യത. വില കൂടിയതോടെ അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറഞ്ഞു. 

Follow Us:
Download App:
  • android
  • ios