കൊച്ചി: സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാൻ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചതിനെ തുടര്‍ന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ പകര്‍പ്പ് ഇന്ന് എന്‍ഐഎക്ക് കൈമാറും. 

സന്ദീപ് നായരുടെ മൊഴിയുടെ പകർപ്പിനായി കസ്റ്റംസും എൻഐഎ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായർ സമർപ്പിച്ച ഹർജിയും എൻഐ എ കോടതി മുന്പാകെയുണ്ട്. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഉന്നത വ്യക്തികളെകുറിച്ച് പരാമര്‍ശമുള്ള മൊഴി ഈ ഘട്ടത്തില്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്റ്റംസിന്‍റെ നിലപാട്. നേരത്തെ സ്വപ്നയുടെ ആവശ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്‌ നടത്തുന്ന സ്‌പീക്കപ്പ്‌ കേരള സമരപരമ്പരകളുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം സംഘടിപ്പിക്കും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന്‌ കേന്ദ്രങ്ങളിലാണ്‌ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സത്യാഗ്രഹം നടത്തുന്നതെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എം. എം. ഹസ്സന്‍ അറിയിച്ചു. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളില്‍ സത്യാഗ്രഹം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റിന്‌ മുന്നില്‍ രാവിലെ 10-ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ്‌ കണ്‍വീനര്‍ എം. എം. ഹസ്സന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.