തിരുവനന്തപുരം: കേരളത്തിലെ  സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ സംസ്ഥാന സർക്കറിന്  സിപിഎം കേന്ദ്രകമ്മിറ്റിയുടെ പിന്തുണ. സർക്കാറിന്റെ പ്രതിച്ഛായ തകർക്കാൻ  കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടെന്നും വിമർശനം ഉയർന്നു. രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടണമെന്നും തീരുമാനമെടുത്തു.

രാജ്യത്ത് കൊവിഡ് സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ ജില്ലാ സമ്മേളനങ്ങൾ മുതൽ താഴേക്കുള്ള സമ്മേളനങ്ങൾ നീട്ടിവയ്ക്കാൻ തീരുമാനിച്ചു. പാർട്ടി കോൺഗ്രസ് നടത്തുന്ന കാര്യത്തിൽ തീരുമാനം പിന്നീടെടുക്കും. ബിഹാറിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ല. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാം. അതേസമയം വെർച്വൽ കാമ്പയിൻ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കമ്മീഷന് മുന്നിൽ വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ  സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വീഡിയോ കോൺഫറൻസിങ് വഴിയാണ് ചേർന്നത്. ജനുവരിയിലാണ് ഇതിന് മുൻപ് കേന്ദ്രകമ്മിറ്റി യോഗം ചേർന്നത്. എകെജി ഭവനിൽ നിന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പങ്കെടുത്തത്. സ്വർണക്കടത്ത് വിവാദം അജണ്ടയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ടിലാണ് ഇത് പരാമർശിച്ചത്.  വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളും സംസ്ഥാനഘടകം വിശദീകരിച്ചു.