തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ പോളിംഗ് ദിനത്തിൽ സ്വര്‍ണക്കടത്തിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. സ്വര്‍ണക്കടത്ത് കേസിലെ ഉന്നത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റെ കെ സുരേന്ദ്രനാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണ്. സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസിനെയും ദുരുപയോഗപ്പെടുത്തി. സ്പീക്കറുടെ പേര് പുറത്ത് വരുന്നതോടെ ഭരണഘടനാ സ്ഥാപനത്തേയും സ്വര്ഡ‍ണക്കടത്ത് പ്രതികൾ കൈയ്യടക്കി വച്ചിരുന്നതിന്‍റെ തെളിവാണെന്ന ഗുരുതര ആരോപണമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്. 

തുടര്‍ന്ന് വായിക്കാം: 'സ്വർണക്കടത്തിൽ സ്പീക്കർക്ക് നേരിട്ട് പങ്ക്'; വോട്ടെടുപ്പിനിടെ ഗുരുതര ആരോപണവുമായി സുരേന്ദ്രൻ... 

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച രാഷ്ട്രീയ വിജയം ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് ആയുധമാക്കി. സ്വര്‍ണക്കടത്തിൽ ഉൾപ്പെട്ട ഭരണഘടനാ പദവിയുള്ള ഉന്നതൻ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. 

തുടര്‍ന്ന് വായിക്കാം: 'ജനം യുഡിഎഫിനൊപ്പം', കേന്ദ്ര, സംസ്ഥാന സർക്കാരിനെതിരെ വിധിയെഴുതും: ചെന്നിത്തല...     

എന്നാൽ സ്പീക്കറുടെ പേര് എടുത്ത് പറഞ്ഞ് ബിജെപി നടത്തുന്ന രാഷ്ട്രീയപ്പോരിന് അതേ നാണയത്തിലുള്ള തിരിച്ചടി നൽകുകയാണ് സിരിഎം. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതൻ ആരെന്ന പരാമര്‍ശം ജനം പുച്ഛിച്ച് തള്ളുമെന്ന് നിലപാടെടുത്ത എസ് രാമചന്ദ്രൻ പിള്ള രഹസ്യമൊഴിയിൽ ഉണ്ടെന്ന് പറയപ്പെടുന്ന വിവരങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും ഉന്നയിച്ചു. 

അന്വേഷണ ഏജൻസികൾ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ താൽപര്യമാണെന്നായിരുന്നു എ വിജയരാഘന്‍റെ പ്രതികരണം. കോടതിയിൽ സമർപ്പിച്ച രേഖ എങ്ങനെ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? സ്പീക്കറെ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും എ വിജയരാഘവൻ തിരിച്ചടിച്ചു. ആരോപണങ്ങൾക്ക് എല്ലാം ഇടയിലും ഇടത് മുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്ന് കോഴിക്കോട് പ്രസ് ക്ലബിൻ്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ  എ.വിജയരാഘവൻ അവകാശപ്പെട്ടു. 

ബിജെപിയും കോണ്‍ഗ്രസ്സും കൂട്ടുചേര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത് ആരോപണം മാത്രമാണ്. പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നണെങ്കിലും ഒന്നു പോലും തെളിയിക്കപ്പെട്ടിട്ടെന്നും ടിപി രാമകൃഷ്ണന്‍ കോഴിക്കോട് പ്രസ്സ് ക്ലബിന്‍റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പറഞ്ഞു.

സ്പീക്കർക്ക് സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന്  അറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. കെ.സുരേന്ദ്രൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. കേന്ദ്ര സർക്കാർ പ്രതിനിധിയായത് കൊണ്ട് അന്വേഷണ ഏജൻസികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച്  ഒന്നും  പറയുന്നില്ലെന്നും വി മുരളീധരൻ അറിയിച്ചു.