കൊച്ചി: സ്വർണക്കടത്ത് കേസ് പത്താം പ്രതി റബിൻസിനെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം. എൻഐഎ കോടതിയിൽ കസ്റ്റംസ് ഹർജി നൽകി. റാക്കറ്റിലെ സുപ്രധാന കണ്ണിയാണ് റബിൻസെന്നാണ് കസ്റ്റംസ് കരുതുന്നത്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിൻ്റെ നീക്കം.

സ്വർണ്ണക്കടത്ത് സംഘത്തിനായി ദുബായിലെ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത് റബിൻസാണ്. ഇന്‍റർപോൾ സഹായത്തോടെയാണ് ഇയാളെ എൻഐഎ നാട്ടിലെത്തിച്ചത്. മറ്റ് പ്രതികളുടെ മൊഴികളിൽ റബിൻസിന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതോടെയാണ് പുതിയ നടപടി.

ഇതിനിടെ മറ്റൊരു ഹവാല ഓപ്പറേറ്ററെ കൂടി കസ്റ്റംസ് സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്തിട്ടുണ്ട്. മംഗലാപുരം സ്വദേശി രാജേന്ദ്ര പ്രകാശ് പവാറിനെയാണ് പുതുതായി പ്രതി ചേർത്തത്. നിരവിധി നോട്ടീസ് നൽകിയിട്ടും ഹാജരാകുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നീക്കം. ഇയാൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കാൻ കോടതിയിൽ ഹർജി നൽകി.