തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ വീട്ടിലെത്തി. മൊഴിയെടുക്കാൻ ഹാജരാകാൻ നോട്ടീസ് നൽകിയതായാണ് വിവരം. കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള സംഘം മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തിയാണ് ശിവശങ്കറിനെ കണ്ടത്. ഡിആർഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഉദ്യോഗസ്ഥര്‍ തിരികെ പോയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.  

അതേ സമയം സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആർ സരിത്തിൻ്റേയും സ്വപ്ന സുരേഷിൻ്റെ കോൾ ലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു. 

ഉന്നതവിദ്യാഭ്യാസ - പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. 

സ്വ‍‍ർണക്കടത്ത് കേസ് പ്രതികളുടെ കോൾ ലിസ്റ്റിൽ ഉന്നത‍‍ർ: പിആർ സരിത്തും ശിവശങ്കറും നിരന്തരം ഫോണിൽ ബന്ധപ്പെട്ടു

സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ജൂണ്‍ 30 ലെ കള്ളക്കടത്തിന്‍റെ ഗുഢാലോചന നടന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷ്, സരിത് ,സന്ദീപ് എന്നിവര്‍ ഇവിടുത്തെ പതിവ് സന്ദര്‍ശകരായിരുന്നും വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തി സന്ദര്‍ശക രജിസ്റ്ററും വാഹന രജിസ്റ്ററും പിടിച്ചെടുത്തിരുന്നു.  തൊട്ടുപിറകെ പ്രതികള്‍ ഫ്ലാറ്റ് സന്ദര്‍ശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ജുണ്‍ മുപ്പതിലെ മാത്രമല്ല,മുമ്പ് പല കടത്തുകളുടേയും ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശിവശങ്കറിന് ഗുഢാലോചനയില്‍ പങ്കില്ലെന്നും സ്വപ്ന വഴിയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും സരിത് മൊഴിയിലുണ്ട്. നിലവില്‍ ശിവശങ്കറിനെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം പ്രതികളുമായി അടുത്തബന്ധം ഉണ്ടായിരുന്നതിന്റെ നിരവധി തെളിവുകൾ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.