കള്ളക്കടത്തിന് പിന്നിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട് ഇന്നലെ ശിവശങ്കറെ കൊച്ചിയിൽ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 

തിരുവനന്തപുരം/ കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായ പരിശോധിക്കും. കള്ളക്കടത്തിന് പിന്നിലെ ബിനാമി ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ ശിവശങ്കറെ കൊച്ചിയിൽ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്ന, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവർ നൽകിയ മൊഴികളും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാവും പരിശോധന. ആവശ്യമെങ്കിൽ വേണുഗോപാലിനെ ഒരിക്കൽ കൂടി കൊച്ചിയിലെക്ക് വിളിപ്പിക്കും. തുടർന്ന് അടുത്തയാഴ്ച ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിൻറ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് നേരത്തെ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി.