കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ യുഎഇ അറസ്റ്റ് ചെയ്തെന്ന് എൻഐഎ. ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ ഭരണകൂടം ദുബായിൽ അറസ്റ്റ് ചെയ്തെന്നാണ് എൻഐഎ സത്യവാങ്മൂലം നൽകിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയിട്ടുണ്ട്. ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ , അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ്‌ ഷമീർ എന്നിവര്‍ക്കാണ് ബ്ലു കോര്‍ണര്‍ നോട്ടീസ്. 

സ്വര്‍ണക്കടത്ത് കേസിന്‍റെ മുഖ്യ അസൂത്രകർ ആര് എന്നതിനുള്ള ഉത്തരമടക്കാണ് എൻഐഎ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.  മുഹമ്മദ് ഷാഫിയും റമീസും പ്രധാന ആസൂത്രകരെന്നാണ്  എൻഐഎ വ്യക്തമാക്കുന്നത്. ഗൂഢാലോചന നടന്നത് ദുബൈയിൽ വച്ചാണ് . ഫൈസൽ ഫരീദ് കേസിലെ മൂന്നാം പ്രതിയും റാബിൻസ് ഹമീദ് പത്താം പ്രതിയും ആണ്. 

രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുകയായിരുന്നു ലക്ഷ്യം. സ്വർണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യുഎഇയിലേക്ക് കടന്നത്. ഇവർക്ക് വിദേശത്ത് സംരക്ഷകർ ഉണ്ട്‌. അന്വേഷണത്തിനു യുഎഇയുടെ പൂർണ്ണ സഹകരണം ഉണ്ടെന്നും എൻഐഎ പറയുന്നു.