തിരുവനന്തപുരം: തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ മറികടന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയും സന്ദീപ് നായരും ബെംഗലൂരുവില്‍ വച്ച് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം. ആരാണ് സ്വപ്‌നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി എന്നും സുരേന്ദ്രന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ഇരുവരെയും പിടികൂടിയ എൻ.ഐ.എയെ സുരേന്ദ്രന്‍ അഭിനന്ദിച്ചു.

സുരേന്ദ്രന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് 

'ട്രിപ്പിൾ ലോക്ക് ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയൻ വ്യക്തമാക്കണം. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ.ഐ.എയ്ക്ക് അഭിനന്ദനങ്ങൾ'.

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബെംഗലൂരുവില്‍ നിന്നാണ് സ്വപ്‌നയെയും സന്ദീപ് നായരെയും എൻ.ഐ.എ ഇന്ന് പിടികൂടിയത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. സന്ദീപിനെയും സ്വപ്‌നയെയും ചോദ്യം ചെയ്യാനായി കൊച്ചിയിലെത്തിക്കും. 

Read more: സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ; എൻഐഎ സംഘം അറസ്റ്റ് ചെയ്തു