Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കളളക്കടത്ത് കേസിൽ അന്വേഷണം രാജ്യാന്തര ഹവാല റാക്കറ്റിലേക്ക്; ഹവാല ഇടപാടുകാരനെ പ്രതി ചേർത്തു

ശിവശങ്കർ, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് മംഗലാപുരം സ്വദേശിയായ ഹവാല ഇടപാടുകാരൻ രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതി ചേർത്തത്.

gold smuggling case investigation turns to hawala racket
Author
Trivandrum, First Published Dec 9, 2020, 12:43 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കളളക്കടത്ത് കേസിൽ അന്വേഷണം രാജ്യാന്തര ഹവാല റാക്കറ്റിലേക്ക്. മംഗലാപുരം സ്വദേശിയായ ഹവാല ഇടപാടുകാരൻ രാജേന്ദ്ര പവാറിനെ കസ്റ്റംസ് പ്രതി ചേർത്തു. ഇതിനിടെ യുഎഇയിൽ നിന്ന് നാടുകടത്തിയ റബിൻസിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് നടപടി തുടങ്ങി. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിനായി അന്വേഷണ ഏജൻസികൾ കോടതിയെ സമീപിക്കും.

ശിവശങ്കർ, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് മംഗലാപുരം സ്വദേശിയായ ഹവാല ഇടപാടുകാരൻ രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതി ചേർത്തത്. ഇരുപത്തിനാലാം പ്രതിയാക്കി കൊച്ചിയിലെ കോടതിയിൽ റിപ്പോർട്ടും നൽകി. സ്വർണക്കളളക്കടത്തിനായി പണം വിദേശത്തെത്തിച്ചത് ഹവാല മാർഗത്തിലൂടെയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പ്രധാന ഇടപാടുകാരനായിരുന്നു രാജേന്ദ്ര പ്രകാശ്. 

ചോദ്യം ചെയ്യുന്നതിനായി പല തവണ നോട്ടീസ് നൽകിയിട്ടും വന്നില്ല. ഇതോടെയാണ് പ്രതി ചേർക്കാൻ തീരുമാനിച്ചത്. ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. 

ഇതിനിടെ സ്വർണക്കടത്ത് കേസിൽ ദുബായിലെ കാര്യങ്ങൾ ഏകോപിപ്പിച്ച റബിൻസിനെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് എൻഐഎ കോടതിയിൽ ഹർജി നൽകി. കേസിൽ പത്താം പ്രതിയായ റബിൻസിനെ ഇന്‍റർപോൾ സഹായത്തോടെയാണ് എൻഐഎ നാട്ടിലെത്തിച്ചത്. മറ്റ് പ്രതികളുടെ മൊഴികളിൽ റബിൻസിന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതോടെയാണ് നടപടി.

Follow Us:
Download App:
  • android
  • ios