Asianet News MalayalamAsianet News Malayalam

'ഇഡിയുടേത് സാങ്കൽപിക ആശങ്ക'; സ്വർണക്കടത്ത് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം എതിർത്ത് കേരളം

വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്നും കേരളം

Gold smuggling case, Kerala opposes ED's demand to shift trial to Bengaluru
Author
First Published Oct 1, 2022, 10:52 AM IST

ദില്ലി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളം സുപ്രീംകോടതിയിൽ. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെയാണ് കേരളം  സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി നൽകിയ ഹർജി ഈ മാസം പത്തിന്  ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേരളത്തിന്റെ നീക്കം.

ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ വിപരീതമായി ബാധിക്കുമെന്നാണ് കേരളം നൽകിയ അപേക്ഷയിൽ പറയുന്നത്. ഇഡിയുട ആശങ്ക സാങ്കൽപികം മാത്രമാണ്. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഈ നീക്കം. ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും.  സംസ്ഥാന പൊലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും  വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ല...ഇതാണ് കേരളത്തിന്റെ വാദങ്ങൾ.

കേസിൽ കക്ഷി അല്ലെങ്കിലും ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഇഡി  ഉന്നയിക്കുന്നത് എന്നതിനാൽ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്. ഹർജി ഈ മാസം പത്തിന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നഗ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസിൽ തന്റെ വാദം കേട്ട് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കാട്ടി എം.ശിവശങ്കർ തടസ്സ ഹർജി സമർപ്പിച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios