Asianet News MalayalamAsianet News Malayalam

സ്വപ്നയുമായി സൗഹൃദം മാത്രം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ശിവശങ്കർ; മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്

സ്വപ്നയ്ക്കും സരിത്തിനും കള്ളകടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉളളതായോ അറിയില്ലെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി.

Gold smuggling case m shivashankar s statement out
Author
Thiruvananthapuram, First Published Jul 15, 2020, 10:35 AM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷമായുള്ളത് അടുത്ത സൗഹൃദം മാത്രമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കർ. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ചില പരിപാടികളുടെ സംഘാടനത്തിലും സരിത്ത് സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കർ വെളിപ്പെടുത്തി. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിലാണ് പ്രതികളുമായുള്ള ബന്ധം ശിവശങ്കർ സമ്മതിച്ചത്. എം ശിവശങ്കറിന്‍റെ മൊഴിയിലെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സ്വർണ കള്ളക്കടത്ത് കേസിൽ ഇന്നലെ പത്ത് മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വപ്നയ്ക്കും സരിത്തിനും കള്ളകടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉളളതായോ അറിയില്ലെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപ്പെട്ടിട്ടില്ലെന്നും സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കറിന്‍റെ മൊഴിയില്‍ പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ഇന്നലെ നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. തൊട്ടുപിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി. പിന്നെ മണികൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. ഇരുവരുമായുള്ള സൗഹൃദം കള്ളക്കടത്തിന് സഹായം നൽകുന്നതിലേക്ക് എത്തിയോ എന്നതിലൂന്നിയായിരുന്നു ചോദ്യങ്ങൾ. 

ജൂലൈ 1, 2 തീയതികളിൽ ശിവശങ്കറിന്റെ ഫ്ലാറ്റിന് സമീപത്തെ ഹോട്ടലിൽ കളളക്കടത്ത് സംഘാംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായി. ഇവയിൽ പലതിനും ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ചോദ്യം ചെയ്യൽ അർധരാത്രിയും പിന്നിട്ടതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവന്നു. ഉദ്വേഗഭരിതമായ  ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. സ്വന്തം വാഹനത്തിൽ തന്നെ മടങ്ങിയ ശിവശങ്കറെ കസ്റ്റംസ് സംഘം വീട് വരെ അനുഗമിച്ചു. വരും ദിവസങ്ങളിൽ തുടർ ചോദ്യം ചെയ്യലുകളും നടപടികളും ഉണ്ടാകാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios