കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് എംകെ മുനീര്‍. എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തതോടെ പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞു. സ്വപന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകിയ ഐടി വകുപ്പിലെ അരുണിനെ മുഖ്യമന്ത്രിക്ക് അറിയില്ലേ .ഒന്നും അറിയില്ല എന്നാണോ മുഖ്യമന്ത്രി പറയുന്നത്. റവന്യൂ വകുപ്പിൽ പോലും ഇടപെട്ട വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും എംകെ മുനീര്‍ കോഴിക്കോട്ട് പറഞ്ഞു. 

ഐടി വകുപ്പിലെ എല്ലാ നിയമനങ്ങളും കരാറുകളും അന്വേഷിക്കണം. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കുറിച്ച് ഉന്നത തല അന്വേഷണം വേണം. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്‍റെ തലവൻ സർക്കാറിന്‍റെ ഏതൊക്കെ കമ്പനികളിൽ ഡയറക്ടറാണെന്ന്  അന്വേഷിക്കണം എന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു. 

ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമ്പോൾ അതിനെ വഴിതിരിച്ച് വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. വാശിയും വൈരാഗ്യവും തീർക്കാർ സർക്കാർ കൊവിഡ് മാനദണ്ഡങ്ങളിൽ പോലും മാറ്റം വരുത്തുന്നു എന്നും എംകെ മുനീര്‍ പറഞ്ഞു.