തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജാവ് നഗ്നനായി മാറി. സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തി. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന് മുഖ്യമന്ത്രിയും ശിവശങ്കറും കാവൽകാരാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ടക്കനുസരിച്ച് കൊവിഡ് ടെസ്റ്റുകൾ കൂട്ടുകയും കുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സർവ്വാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവൽക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും ഇതൊരു അധോലോക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.