തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം ഉടൻ തുടങ്ങും. കേസിൽ വൻസ്രാവുകൾക്ക് പങ്കെന്ന കസ്റ്റംസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം എൻഐഎക്ക് വിട്ടതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലേക്കുള്ള സ്വർണക്കടത്തിന്റെ സമഗ്ര അന്വേഷണം ആകും എൻഐഎ നടത്തുക. 

വിദേശത്ത് അന്വേഷണത്തിനും 2019ലെ എൻഐഎ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നോ പ്രതികൾക്ക് സഹായം ചെയ്തെന്നോ സംശയിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യാനും എൻഐഎക്കാവും. പ്രധാനമന്ത്രിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അമിത് ഷാ എൻഐഎ അന്വേഷണം തീരുമാനിച്ചത്. നിലവിലെ കേസിലെ അന്വേഷണം കസ്റ്റംസ് സമാന്തരമായി പൂർത്തിയാക്കും. 

കള്ളക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നും എൻഐഎ അന്വേഷിക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കൊടുവിലാണ് കേസ് എൻഐഎക്ക് വിട്ടത്. സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെയുള്ള പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്രണ ബാഗുകളിൽ എങ്ങനെ സ്വര്‍ണ്ണം എത്തി. കള്ളക്കടത്തിന് പിന്നിലെ ഉറവിടം തുടങ്ങിയ വിഷയങ്ങൾ എൻഐഎ അന്വേഷിക്കും. 

ആസൂത്രിതമായി നടന്ന കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കത്തയച്ചിരുന്നു. എൻഐഎ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് പുതിയ വഴിത്തിരിവിലായി. കള്ളക്കടത്തിന് കൂട്ടുനിന്നവരിലേക്കും അന്വേഷണം നീളും. ഇതിനായി സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ ഉൾപ്പടെ ചോദ്യം ചെയ്യാനും എൻഐഎക്ക് സാധിക്കും. 

തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെ കുറിച്ച് നിലവിൽ എൻഐഎ അന്വേഷിക്കുന്നുണ്ട്. ജമ്മുകശ്മീരിൽ നിരവധി റെയ്ഡുകളും അറസ്റ്റും എൻഐഎ നടത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങൾക്കായി പണം എത്തിക്കുന്നതിൽ ചില ദക്ഷിണേന്ത്യ ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. അതുമായി കേരളത്തിൽ നടക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്തുകൾക്ക് ബന്ധമുണ്ടോ എന്നും എൻഐഎ അന്വേഷിക്കും.