തിരുവനന്തപുരം/ കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എൻഐഎ തിരുവനന്തപുരത്ത് എത്തിച്ചു. അതിരാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പൊലീസ് ക്ലബിലേക്ക് എത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പാണ് തലസ്ഥാന നഗരത്തിൽ നടക്കുന്നത്. 

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കേസെന്ന നിലയിലാണ് ദേശീയ അന്വേഷണ ഏജൻസി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്നത്. ഏയര്‍പോര്‍ട്ട് കാര്‍ഗോ അടക്കമുള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. 

കസ്റ്റഡി കാലാവധി തീരുന്ന സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ കോടതിയിലെത്തിച്ചു. കസ്റ്റഡി കാലാവധി തീർന്നതിനാലാണ് ഇരുവരേയും കോടതിയിൽ ഹാജരാക്കിയത്. അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എൻഐഎ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാൻ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജൻസി മുന്നോട്ട് വച്ചത്. 24 വരെയാണ് കസ്റ്റഡി 

അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ  നൽകിയ ജാമ്യ ഹർജി 24ന് പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നാണ് ഇരുവരുടേയും വാദം