തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റിൽ നിന്നും എൻഐഎ പകർത്തി തുടങ്ങി. സെക്രട്ടറിയേറ്റിലെ 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് സി-ഡാക്കിൻ്റെ സഹായത്തോടെ എൻഐഎ പകർത്തുന്നത്. നയതന്ത്ര ബാഗുവഴിയുള്ള സ്വർണം പിടികൂടുന്നതിന് ഒരു വർ‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്. 

ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടർന്ന് എൻഐഎ സംഘം സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകൾ നേരത്തെ പരിശോധിച്ചിരുന്നു. ഇതിനുശേഷം ദൃശ്യങ്ങള്‍ പകർത്താനുള്ള ഹാർഡ‍് ഡിസ്ക്ക് വാങ്ങാനായി പൊതുഭരണവകുപ്പ് ആഗോള ടെണ്ടർ വിളിച്ചിരുന്നുവെങ്കിലും നടപടികള്‍ പൂർത്തിയായില്ല. ഇതിനിടെയാണ് എൻഐഎ സംഘം ഹാർഡ് ഡിസ്ക്കുമായെത്തി അന്വേഷണത്തിന് ആവശ്യമുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.