തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രിമിനൽ കേസിൽ സഹായിച്ച പൊലീസ് സംഘടനാ നേതാവിനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് ആക്ഷേപം. പൊലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായ ജി ചന്ദ്രശേഖരനെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ ഒരു നടപടിയും എടുത്തില്ല. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ മുൻപ് മദ്യപിച്ച് വാഹനമോടിച്ച കേസിൽ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിലാണ് തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ ജി. ചന്ദ്രശേഖരന്‍ നായര്‍ ആരോപണം നേരിട്ടിരുന്നത്. വിവാദമായതോടെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി യുടെ നേതൃത്വത്തിൽ ചന്ദ്രശേഖരനെതിരെ അന്വേഷണം നടന്നു. ബന്ധുവായ സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും വാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന്‍ നിയമവിരുദ്ധമായി ഇടപെട്ടു.

ഈ സാഹചര്യത്തിൽ അച്ചടക്ക നടപടിയും അന്വേഷണവും ശുപാർശ ചെയ്യുന്നതായിരുന്നു ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കാൻ ഡിജിപി സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെ അനക്കമില്ല.കമ്മീഷണർ റിപ്പോര്‍ട്ട് ഡി ഐ ജിക്ക് തന്നെ കൈമാറി. റിപ്പോർട്ടിലെ വാചകങ്ങൾ തിരുത്തി എഴുതാൻ ഉന്നത ഉദ്യാഗസ്ഥരുടെ സമ്മർദ്ദമുണ്ട്. ഇതോടെ ഡിജിപി വരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ടിൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലായി.