കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ  കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി.

സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കൊണ്ടുള്ള റിപ്പോർട്ട്‌ കസ്റ്റംസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയിൽ എത്തിക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയിൽ അപേക്ഷ നൽകിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും എൻഐഎ ചോദ്യം ചെയ്യുകയാണ്. എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. ശിവശങ്കറിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്‍റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി . 

സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് എം ശിവശങ്കർ ആവര്‍ത്തിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും പ്രതികൾക്ക് നൽകിയിട്ടില്ലെന്ന് എം ശിവശങ്കര്‍ പറയുന്നു. ഫോൺ വിളി വിശദാശങ്ങൾ പരിശോധിക്കാമെന്നും എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനായാണ് വിളിച്ച് വരുത്തിയതെങ്കിലും കേസിൽ ഏതെങ്കിലും സാഹചര്യത്തിൽ എം ശിവശങ്കര്‍ പ്രതിപ്പട്ടികയിലേക്ക് എത്തുമോ എന്നും ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പഴുതടച്ച അന്വേഷണം അതും അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകാനാണ് എൻഐഎ തീരുമാനം.

Read Also: 'ദല്ലാളെന്ന് അറിയാത്തത് എന്‍റെ പിഴ'; സ്വപ്നയുമായി സൗഹൃദം വിശദീകരിച്ച് എം ശിവശങ്കര്‍...