തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്‍റെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ വിശദീകരണവുമായി പിഡബ്ല്യൂസി. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്നോളജി വഴിയാണ് എന്നാണ് പിഡബ്ല്യൂസിയുടെ വിശദീകരണം. വിഷൻ ടെക്നോളജിയുമായി 2014 മുതൽ ബന്ധമുണ്ടെന്നും മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പിഡബ്ല്യൂസി വിശദീകരിച്ചു.

വിഷന്‍ ടെക്നോളജിയാണ് സ്വപ്നയെ പിഡബ്ല്യുസിക്ക് കൈമാറുന്നത്. സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ചതും വിഷൻ ടെക്‌നോളജിയാണ് എന്ന് പിഡബ്ല്യുസി വിശദീകരിച്ചു. ഇതിനായി എച്ച് ആർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ സഹായം തേടി. വിഷൻ ടെക്‌നോളജിക്ക് എതിരെ നടപടി തുടങ്ങിയെന്നും പിഡബ്ല്യുസി വ്യക്തമാക്കി. കെഎസ്ഐഐഎല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പിഡബ്ല്യൂസിയുടെ വിശദീകരണം. സ്വപ്നയുടെ ബിരുദം വ്യാജമെങ്കില്‍ പിഡബ്ല്യൂസിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. 

Also Read: സ്വർണക്കടത്തിന് ഭീകരബന്ധവും? യുഎപിഎ ചുമത്തി, കുരുക്ക് മുറുക്കി എൻഐഎ

പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപ്പറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് നിയമിക്കപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പിഡബ്ല്യൂസിക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഐഎല്‍ പറയുന്നു. സ്വപ്നയുടെ പശ്ചാത്തല അന്വേഷണം നടത്തിയതും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചതും കണ്‍സള്‍ട്ടന്‍സി കരാറുകാരായ പിഡബ്ല്യൂസി മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുൾപ്പടെ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ഐഐഎല്‍ എംഡി പിഡബ്ല്യൂസിയോട് വിശദീകരണം തേടിയത്. 

മുമ്പ് പിഡബ്ല്യൂസിക്കെതിരെ എതിരെ ഉയര്‍ന്ന ആരോപണങ്ങളോട് കണ്ണടച്ച സര്‍ക്കാര്‍ സ്വപ്നയുടെ നിയമന വിഷയത്തില്‍ വിശദീകരണം തേടി എന്നതാണ് പ്രസക്തം. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ പിഡബ്ല്യൂസി നല്‍കിയ മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെയാണ് ബിരുദ സര്‍ട്ടിഫിക്കറ്റിനെ പറ്റി അന്വേഷിക്കാനുളള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Also Read: സ്വർണം അയച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദ്, സരിത്തും സ്വപ്നയും ആദ്യപ്രതികൾ: എൻഐഎ എഫ്ഐആർ

അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച എന്‍ഐഎ അന്വേഷണത്തിനപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണവും ഉണ്ടാകില്ലെന്ന് സൂചന നല്‍കി മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി. ഇതിനിടെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്ത് ഇളയ സഹോദരന്‍റെ വിവാഹ സല്‍ക്കാരത്തിനിടെ സ്വപ്ന യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.