കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികൾ. കൊച്ചി സ്വദേശിയായ, ഇപ്പോൾ വിദേശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്‍റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 

നേരത്തേ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. ഇയാൾക്ക് കേസിൽ എന്താണ് പങ്കെന്ന കാര്യത്തിലും വ്യക്തമായി കസ്റ്റംസ് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി. ഇയാളാണ് സ്വർണം കോൺസുലേറ്റിന്‍റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത് മൊഴി നൽകിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. 

യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്. നേരത്തേ തന്നെ കേന്ദ്രസർക്കാർ സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ദേശസുരക്ഷയെ ബാധിക്കുന്ന, രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന കേസായതിനാൽ ഈ കേസ് ദേശീയസുരക്ഷാ ഏജൻസി അന്വേഷിക്കട്ടെ എന്നായിരുന്നു കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. അതേസമയം, കള്ളക്കടത്തും കസ്റ്റംസ് നടപടികളും അടക്കമുള്ള കാര്യങ്ങളിൽ വന്ന നിയമലംഘനങ്ങളെല്ലാം കസ്റ്റംസ് തന്നെയാകും അന്വേഷിക്കുക. 

ദൃശ്യങ്ങൾ തേടി കസ്റ്റംസ്

തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ വരുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ടെന്നിരിക്കെ, സരിത് സ്ഥിരമായി വരാറ് സ്വന്തം കാറിലെന്നും കസ്റ്റംസ് കണ്ടെത്തി. 

കാറുമായി ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം സരിത് എപ്പോഴും പോകാറ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എവിടെയോ വച്ച് സ്വർണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് പതിവെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഈ സാഹചര്യത്തിൽ ഈ വഴിയുള്ള കൂടുതൽ സിസിടിവി ക്യാമറകൾ തേടുകയാണ് കസ്റ്റംസ്. 

അതേസമയം, കേസ് അന്വേഷണത്തിനായി കസ്റ്റംസ് ആവശ്യപ്പെട്ട ജനുവരി മുതലുളള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‍റെ കൈവശമില്ലെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് കസ്റ്റംസ് പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ എയര്‍പോര്‍ട്ടിന്‍റെ പരിസരത്തെ പൊലീസ് ക്യാമറകളൊന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പേട്ടയിലുളള ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് പൊലീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.