Asianet News MalayalamAsianet News Malayalam

സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയോടെ; സസ്പെൻഷൻ ഉത്തരവ് പുറത്ത്

സ്വപ്നയുടെ നിയമം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം നേരത്തെ വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.

Gold smuggling case Sivasankar recommends Swapna suresh appointment
Author
Thiruvananthapuram, First Published Jul 17, 2020, 3:51 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്ഥാനത്തുള്ള സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്പേസ് പാർക്കിന്റെ ഓപ്പറേഷൻസ് മാനേജറായി ശുപാർശ ചെയ്തത് ശിവശങ്കറാണ്.

സ്വപ്നയുടെ നിയമം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം നേരത്തെ വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്നലെ ഇവർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിരുന്നു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ നേരിൽ ബന്ധം സ്ഥാപിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതോടെയാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇതോടെ ഇദ്ദേഹത്തിന്റെ ശുപാർശയോടെ സംസ്ഥാനത്ത് നടന്നിരിക്കുന്ന നിയമനങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ശിവശങ്കറിന് എതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനമാണ് ഇന്നുണ്ടായത്. ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നും വിമർശനം ഉയർന്നു. വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിന്റെ ഇടപെടലുകൾ നിരീക്ഷിക്കാനായില്ല. വിവാദം ഊതിപ്പെരുപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമർശനം ഉയർന്നു.

ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകൾ വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രസ്താവനകളിൽ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്. ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. എം വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസിന്റെ ചുമതല നൽകാനും സിപിഎം ആലോചിക്കുന്നു.

Follow Us:
Download App:
  • android
  • ios