തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന സുരേഷിൻ്റെ മൊഴി. സ്വ‍ർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണോദ്യോ​ഗസ്ഥ‍ർക്ക് നൽകിയിരിക്കുന്ന മൊഴി. 

ലോക്ക് ഡൗണിന് മുൻപ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മീഷൻ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികൾക്കും കോൺസൽ ജനറൽ കമ്മീഷൻ വാങ്ങിയിരുന്നു. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് ലോക് ഡൗണിന് മുൻപ് കോൺസുൽ ജനറൽ രാജ്യം വിട്ടതെന്നും മൊഴിയിലുണ്ട്.

സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോൺസുൽ ജനറലിൻ്റെ മടക്കം. ഇതിനു മുൻപും സമാനമായ രീതിയിൽ പണം കോൺസുൽ ജനറൽ കൊണ്ടു പോയിട്ടുണ്ട്. ഒരിക്കൽ താനും സരിത്തും കോൺസുൽ ജനറലിനെ ദുബായിലേക്ക് അനുഗമിച്ചെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നു. പലപ്പോഴായി കിട്ടിയ കമ്മീഷൻ തുക കോൺസുൽ ജനറൽ യൂറോപ്പിൽ മറ്റൊരു ബിസിനസിൽ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്.