തൃശ്ശൂർ:  തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി നേഴ്സുമാര്‍. ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്ന ചികിത്സയിൽ കഴിയവെ നേഴ്സുമാരുടെ ഫോണിൽ നിന്ന് ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു ആക്ഷേപം. ഇതിനാണ് നേഴ്സുമാര്‍ വിശദീകരണം നൽകുന്നത്. 

നേഴ്സുമാരുടെ മൊഴിയിൽ പറയുന്നത് ഇങ്ങനെ: 

  • സ്വപ്ന സുരേഷിന് ഫോൺ കൈമാറിയിട്ടില്ല
  • സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തിൽ 
  • ക്ലീനിംഗ് ജീവനക്കാര്‍ പോലും അകത്ത് കയറിയിട്ടില്ല 
  • അഞ്ച് പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു 
  • അനാവശ്യമായി നേഴ്സുമാരെ സംശയമുനയിൽ നിര്‍ത്തരുത്

കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടർന്ന് സ്വപ്നയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയിൽ ചിലവിട്ടത്. ഈ സമയത്ത്  നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.

സ്വപ്നയുടെ വാര്‍ഡിനകത്ത് മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ.  കൂടാതെ റൂമിന്‍റെ താക്കോലും പൂട്ടും പൊലീസുകാരുടെ കൈവശമായിരുന്നുവെന്നും നഴ്സുമാര്‍ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് കിട്ടുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.