Asianet News MalayalamAsianet News Malayalam

'തന്‍റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ്, ശിവശങ്കറുമായി അടുത്ത ബന്ധം', ഇഡിക്ക് സ്വപ്നയുടെ മൊഴി

ശിവശങ്കറുമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി എട്ട് തവണയോളം കണ്ടിട്ടുണ്ട്. അനൗദ്യോഗികമായി അതിലധികം തവണ കണ്ടു. ഇതിൽ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു - എന്ന് സ്വപ്ന.

gold smuggling case swapna suresh statement as per recorded in enforcement charge sheet
Author
Kochi, First Published Oct 7, 2020, 4:03 PM IST

കൊച്ചി: സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് കൊടുത്ത മൊഴിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നപ്രഭാ സുരേഷ്. യുഎഇ കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നുവെന്നും, എന്നാൽ അനൗദ്യോഗികമായി നിരവധി തവണ അദ്ദേഹത്തെ കണ്ടുവെന്നും മൊഴിയിൽ സ്വപ്ന പറയുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്, ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലുണ്ട്. 

സ്പേസ് പാർക്കിലെ തന്‍റെ നിയമനത്തിന്‍റെ അടിസ്ഥാനം ശിവശങ്കറുമായുള്ള അടുത്ത ബന്ധമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകുന്നു. KSITIL എംഡിയായ ഡോ. ജയശങ്കറിനെ ചെന്ന് കാണാൻ ശിവശങ്കർ സ്വപ്നയോട് നിർദേശം നൽകി. സ്പെഷ്യൽ ഓഫീസർ സന്തോഷിനെയും നേരിട്ട് കണ്ട്, സ്പേസ് പാർക്കിലെ ചുമതലകളെക്കുറിച്ച് വിശദമായി സംസാരിക്കാൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കാമെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന മൊഴിയിൽ പറയുന്നു. അതിന് ശേഷം തനിക്ക് സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷിൽ നിന്ന് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചുകൊണ്ട് വിളി ലഭിച്ചുവെന്നും സ്വപ്ന വ്യക്തമാക്കുന്നു. 

യൂണിടാക് ബിൽഡേഴ്സിൽ നിന്ന് 1.08 കോടി രൂപ കമ്മീഷനായി കിട്ടിയെന്ന് സ്വപ്ന ഇഡിയോട് സമ്മതിക്കുന്നു. കോൺസുൽ ജനറൽ 35,000 യുഎസ് ഡോളർ 2018 ജൂണിൽ നൽകി. മറ്റ് ചില കമ്പനികളിൽ നിന്നും കമ്മീഷൻ കിട്ടി. ഈ പണമെല്ലാം, ഇന്ത്യൻ രൂപയായി മാറ്റി, ബാങ്കുകളിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും സ്വപ്ന സമ്മതിക്കുന്നു.

ശിവശങ്കറിനെതിരെ നിർണായക പരാമർശങ്ങൾ

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിനെതിരെ നിർണായകപരാമർശങ്ങളാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമർപ്പിച്ചത്. 

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രഭാസുരേഷിന്‍റെ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യർ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങൾ നൽകിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാൽ അയ്യരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

പണം കൈമാറുന്നതിനെക്കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ചോദ്യം ചെയ്യലിൽ വിശദമായി ചോദിച്ചപ്പോൾ, ശിവശങ്കർ മൗനം പാലിക്കുകയായിരുന്നു. കൃത്യമായി മറുപടി നൽകാനും തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ വിലയിരുത്തി ഇക്കാര്യങ്ങൾ പരിശോധിക്കും. അതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios