കൊച്ചി: നയതന്ത്ര ബാഗിൽ സ്വര്‍ണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻഡ് കാലാവധിയാണ് അവസാനിക്കുന്നത്. റിമാൻഡ് കാലാവധി നീട്ടുന്നതിനായി മൂവരെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോൺഫറൻസ് മുഖേനയായിരിക്കും ഹാജരാക്കുക. 

അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താൻ ഇതിലെ കണ്ണിയാണെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഈ റാക്കറ്റിലൂടെ 21 തവണ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വർണം കടത്തിയെന്നും മൊഴിയിലുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എൻഫോഴ്സ്മെൻറ് കോടതിയെ അറിയിക്കും.