ബിജുവിനും വിഷ്ണുവിനും ദുബായിൽ വസ്ത്ര കമ്പനിയിൽ ഓഹരിയുണ്ട്. ഇരുവരും 13 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ പണം കള്ളക്കടത്തിലൂടെ നേടിയതാണെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതി അഡ്വ. ബിജു മനോഹരന് മുൻകൂർ ജാമ്യം നൽകരുതെന്ന് ഡിആർഐ കോടതിയിൽ സത്യവാങ്മൂലം നൽകി. കള്ളക്കടത്തിലൂടെ നേടിയ പണം കൊണ്ട് ബിജുവും സഹായിയും ദുബായിയിൽ നിക്ഷേപം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കടത്ത് കേസിലെ നിർണായക കണ്ണികളാണ് ബിജു മനോഹരൻ, വിഷ്ണു സോമസുന്ദരം, അബ്ദുൾ ഹക്കിം എന്നിവരെന്നാണ് ഡിആർഐ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരുടെ സംഘം നിരവധി തവണ വിദേശത്തു നിന്നും സ്വർണം കടത്തിയിട്ടുണ്ട്. അതിനാൽ ബിജുവിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കും. 

ബിജുവിനും വിഷ്ണുവിനും ദുബായിൽ വസ്ത്ര കമ്പനിയിൽ ഓഹരിയുണ്ട്. ഇരുവരും 13 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ പണം കള്ളക്കടത്തിലൂടെ നേടിയതാണെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘം നടത്തുന്ന സ്വർണക്കടത്ത് ആശങ്കാജനകമാണെന്നും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ഡിആർഐ യുടെ സത്യവാങ്മൂലത്തിലുണ്ട്. കള്ളപ്പണം പെരുകാനും ഇത് കാരണമാകും. 

ബിജു, വിഷ്ണു, അബ്ദുൾ ഹക്കീം എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും എത്തിയില്ല. ഇവർക്കൊപ്പം കള്ളക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും സ്വർണവുമായി എത്തിയ യാത്രക്കാരെയും പിടികൂടേണ്ടതുണ്ട്. ബിജു അന്വേഷണത്തിൽ സഹകരിക്കുന്നതിന് പകരം ഒളിവിൽ പോകുകയാണ് ചെയ്തത്. അതിനാൽ, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ഡിആർഐ ആവശ്യപ്പെട്ടിരിക്കുന്നത്.