Asianet News Malayalam

സ്വർണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ

''ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്''

gold smuggling quotation cases article criticising cpim in cpi mouthpiece janayugom
Author
Thiruvananthapuram, First Published Jul 9, 2021, 8:59 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തുന്നു. 

ലേഖനത്തിൽ പറയുന്നതിങ്ങനെ: 

''അടുത്തകാലത്തായി ഏറ്റവും അപകടകരവും, നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികൾ ഇടതുപാർട്ടികളിൽ അടക്കം അപൂർവമായി എങ്കിലും വളർന്നുവരുന്നു എന്നുള്ളതും നമ്മൾ ഗൗരവത്തോടെ കാണണം. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്.

ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്. വലതുപക്ഷ പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതൽ തന്നെയുള്ള ബോധവൽക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാൽ, നവലിബറൽ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഈയൊരു മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളും തെളിയിക്കുന്നു. മാഫിയാപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല (സോഷ്യൽ മാധ്യമങ്ങളിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്). ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം.

ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികൾക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇത്തരം ഇടങ്ങളിൽ തന്നെയാണ് സി അച്യുതമേനോനെപോലുള്ള അസാധാരണമായ നേതൃപാടവവും കമ്മ്യുണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നതും എന്നത് ഗർഹണീയമാണ്.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനൽവല്ക്കരണത്തിൽ ഒരു പ്രധാന ഘടകമാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നുവെങ്കിൽ, ഇപ്പോൾ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. കൊലപാതകകേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരും അവരുടെ കുടുംബവും പിന്നീട് നേരിടുന്ന സാമൂഹ്യബഹിഷ്ക്കരണവും അന്യവൽക്കരണവും മറ്റും ക്വട്ടേഷൻ സംഘങ്ങളെ ഈ രംഗത്ത് എത്തിക്കുകയും സ്വാഭാവികമായി അത് പാർട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങൾ ആയി വളരാൻ ഈ ഗ്രൂപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, കേസിൽ പ്രതിയായി ശിക്ഷിക്കപ്പെടുന്നവർക്ക് പിന്നീട് സാധാരണ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ ജയിലിൽ നിന്നും ഉറവെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പിടിയിലേക്ക് എളുപ്പത്തിൽ വഴുതിവീണുപോകുന്നു. പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ തലവേദനയായി ഈ സംഘങ്ങൾ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിർക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവർത്തകരും മാധ്യമങ്ങളും ചെയ്യേണ്ടത്.

എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുപിടിച്ചു വളർന്നത്. അല്ലാതെ, ക്രിമിനൽപ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം''

ലേഖനം പൂർണരൂപത്തിൽ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios