മണ്ണിലും ക്വട്ടേഷൻ തർക്കത്തിലുമായിരുന്നു ഒരു കാലത്ത് തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ പകതീർത്തിരുന്നത്. ഇന്ന് ലഹരിവിൽപ്പനയെ ചൊല്ലിയാണ് തർക്കം
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ - ലഹരി സംഘങ്ങളെ അമർച്ച ചെയ്യാനുള്ള പൊലീസ് നടപടികൾ നോക്കുകുത്തിയാകുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്ത മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും - എക്സൈസിനും കഴിയുന്നില്ല.
മണ്ണിലും ക്വട്ടേഷൻ തർക്കത്തിലുമായിരുന്നു ഒരു കാലത്ത് തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ പകതീർത്തിരുന്നത്. ഇന്ന് ലഹരിവിൽപ്പനയെ ചൊല്ലിയാണ് തർക്കം. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും അക്രമം നടത്തുന്നു. വർഷങ്ങള്‍ നീണ്ട കഞ്ചാവ് കച്ചവടക്കാരുടെ കുടിപ്പകയിൽ ഒരു യുവാവിന് കാല് നഷ്ടമായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. കഴക്കൂട്ടത്ത് ഗുണ്ടാസംഘത്തിലെ ബോംബേറിലാണ് ക്ലീറ്റസ് എന്ന യുവാവിന് കാല് നഷ്ടമായത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ അജിത് ലിയോണും സംഘവുമാണ് ബോംബെറിഞ്ഞത്. ഇയാൾ ലക്ഷ്യം വച്ചത് മുമ്പ് സംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സുനിലിനെയാണ്. ഇതിനായി കഞ്ചാവ് മാഫിയ കണ്ണിയിലെ യുവാക്കളെ 10 ലധികം കേസിലെ പ്രതിയായ അജിത് ലിയോണ്‍ ഉപയോഗിച്ചു. ബോംബെറിഞ്ഞ അഖിലെന്ന യുവാവ് കഞ്ചാവ് കേസിൽ ജയിലായപ്പോള്‍ ജാമ്യത്തിലിറക്കിയത് അജിത്താണ്. ഇതിന് പരോപകാരമായിട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. പക്ഷെ ബോംബേറ് കൊണ്ടത് ഒന്നുമറിയാത്ത ക്ലീറ്റസിന്.
ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ കഴക്കൂട്ടത്തുകൊണ്ടുവന്ന് വിൽക്കുന്ന അജിത് ലിയോണ്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ഇയാള്‍ക്ക് ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി മാഫിയുടെ കിടമത്സരത്തിനിടെയാണ് പോത്തൻകോട് സുധീഷ് എന്ന ഗുണ്ടയുടെ കാലുവെട്ടി റോഡിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ലഹരി കേസിലെ കണ്ണികളായവർ പോത്തൻകോട് അച്ഛനെയും മകളെയും അക്രമിച്ചിട്ടും, പള്ളിപ്പുറത്ത് വീടുകയറി ഗുണ്ടാപിരിവ് നടത്തിയിട്ടും അധികകാലമായിട്ടില്ല. വിളപ്പിൽശാലയിലെ കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ആറംഗ കഞ്ചാവ് സംഘം ആക്രമിച്ചത്.
നെയ്യാർഡാമിലും മലയിൻകീഴും പൊലീസുകാരെയും, നാട്ടുകാരെയും കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. നെയ്യാർ ഡാമിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികള്‍ കഞ്ചാവ് വിൽപ്പനയിലെ എതിർ ചേരിയിൽപ്പെട്ടവരെ തട്ടികൊണ്ടുപോയി ആക്രമിക്കുകയും ചെയ്തു. ഇവരെ വലിയതുറപൊലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ സ്കൂളിലെ ലഹരി ഉപയോഗത്തിനെതിരെ പരാതി നൽകിയ അനു എന്ന യുവാവിനെ പ്ലസ് ടു വിദ്യാർത്ഥികളാണ് അതിക്രൂരമായി ആക്രമിച്ചത്. ലഹരി മാറിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകൾ നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.
