ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചാണ് ഇടഞ്ഞുനിന്ന ഗവര്‍ണറെ ഇന്നലെ അനുനയിപ്പിച്ചത്. 

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാജ്ഭവൻ പിആർഒ യ്ക്ക് (Kerala Raj Bhavan PRO) പുനർനിയമനം നൽകി സർക്കാർ. കരാർ കാലാവധി പൂർത്തിയാക്കിയ പിആർഒ എസ് ഡി പ്രിൻസിനാണ് പുനർനിയമനം. രാജ്ഭവന്‍റെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങി. രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവർണർ - സർക്കാർ തർക്കത്തിനിടെയാണ് നിയമനങ്ങൾ എന്നതാണ് ശ്രദ്ധേയം. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചാണ് ഇടഞ്ഞുനിന്ന ഗവര്‍ണറെ ഇന്നലെ അനുനയിപ്പിച്ചത്. 

എന്നാല്‍ കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എല്‍ഡിഎഫില്‍ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. നയപ്രഖ്യാപനത്തില്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കെ രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചപ്പോള്‍ കേക്ക് മുറിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഗവര്‍ണര്‍ക്കുള്ളുവെന്ന് മുന്‍ നിയമമന്ത്രി എ കെ ബാലന്‍ പരിഹസിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥന്‍റെ സ്ഥാനം തെറുപ്പിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയതെന്തിനെന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്.

ഗവര്‍ണറുമായുള്ള ചര്‍ച്ചക്ക് ശേഷം ഏകെജി സെന്‍ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതാക്കളുമായി മാത്രം കൂടിയാലോചന നടത്തി തീരുമാനമെടുത്തതിന്‍റെ അതൃപ്തിയും കാനം പ്രടിപ്പിക്കുന്നു. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരമുണ്ടാക്കി നയപ്രഖ്യാപന പ്രസംഗം ഭംഗിയാക്കുന്നതിനാണ് മുഖ്യമന്ത്രി പ്രാധാന്യം കൊടുത്തത്. നയപ്രഖ്യാപനം വായിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കാകുമായിരുന്നില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന പൊതുവികാരം അംഗീകരിക്കുന്നതാണ് കാനത്തിന്‍റെയും ഒരു വിഭാഗം സിപിഎം നേതാക്കളുടെയും പ്രതികരണം. സുപ്രധാനമായൊരു വിഷയത്തില്‍ എല്‍ഡിഎഫില്‍ കൂടിയാലോചന നടന്നില്ലെന്ന പരാതിയും സിപിഐ പങ്കുവെക്കുന്നു. രാജ്ഭവനുമായി കൊടുക്കല്‍ വാങ്ങലെന്ന ശക്തമായ പ്രതിപക്ഷാരോപണത്തിനിടെയാണ് എല്‍ഡിഎഫിനകത്തെ ഇത്തരം പ്രതികരണങ്ങളെന്നതും ശ്രദ്ധേയമാണ്.

സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കുമ്പോഴും കേന്ദ്രത്തിനെതിരായ വിമർശനം അടക്കം വായിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് കാലത്ത് ചെലവുകൾ പലമടങ്ങ് കൂടുമ്പോൾ നികുതിയിലടക്കം അർഹമായ വിഹിതം കേന്ദ്രം നിഷേധിക്കുന്നത് അശാസ്ത്രീയമെന്നാണ് വിമർശനം. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാവുന്നതോടെ 12000 കോടി രൂപവരെ അധികനഷ്ടം സംസ്ഥാനം പ്രതീക്ഷിക്കുന്നു. കേരളത്തിനുള്ള ധനകാര്യ കമ്മിഷൻ വിഹിതം 3.൮ ൽ നിന്ന് കുറഞ്ഞ് ഇപ്പോൾ വെറും 1.92 ശതമാനത്തിലെത്തി നിൽക്കുന്നു. ചെലവുകൾ കുതിച്ചുകയറിയ കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്നാണ് വിമർശനം. 

രാഷ്ട്രീയ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടയായ കർഷകസമരവും സുസ്ഥിര വികസന സൂചികകളിലെ കേരളത്തിന്റെ നേട്ടവും സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തുന്ന കേന്ദ്ര സർക്കാർ സമീപനവും പ്രസംഗത്തിൽ കടന്നുവന്നു. സംസ്ഥാന പരിധികളിലുള്ള വിഷയങ്ങളിൽപ്പോലും കേന്ദ്രം നിയമനിർമ്മാണം നടത്തുന്നതിലും വിശദമായ വിമർശനം നടത്തി. ഇത് തുടരരുതെന്നും ഗവർണർ പറഞ്ഞു. സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും ഗവർണ്ണർ പറഞ്ഞു.