സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും മുഖ്യപ്രതി പിടിയിലായിയെന്നും സര്‍ക്കാര്‍.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മറ്റ് ഏജൻസിക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി പീതാംബരന്‍റെ വ്യക്തി വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന, കേന്ദ്ര സർക്കാരുകളെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.