Asianet News MalayalamAsianet News Malayalam

മൂന്നാറിൽ സർക്കാർ ഭൂമി കൈയ്യേറാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട് പുറത്ത്

ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടറായിരിക്കെ ഈ ഭൂമിയിലെ ഷെഡ് പൊളിക്കാൻ നോക്കിയതും നാട്ടുകാർ തടഞ്ഞതുമെല്ലാം മുമ്പ് വലിയ വാർത്തയായിരുന്നു.

government authorities help munnar land encroachment
Author
Munnar, First Published May 12, 2020, 1:23 PM IST

ഇടുക്കി: മൂന്നാറിൽ സർക്കാർ ഭൂമി കൈയ്യേറാൻ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട്. കൈയ്യേറ്റ ഭൂമിക്ക് കെഡിഎച്ച് ഡപ്യൂട്ടി തഹസിൽദാർ അനധികൃതമായി കൈവശാവകാശ രേഖ നൽകിയെന്നാണ് കണ്ടെത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടറായിരിക്കെ ഈ ഭൂമിയിലെ ഷെഡ് പൊളിക്കാൻ നോക്കിയതും നാട്ടുകാർ തടഞ്ഞതുമെല്ലാം മുമ്പ് വലിയ വാർത്തയായിരുന്നു.

ആരോഗ്യവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ടി മണിയാണ് ഭൂമി കയ്യേറിയത്. ഇതിൽ സ്ഥാപിച്ച ഷെഡ് പൊളിക്കാനെത്തിയ ദേവികുളം മുൻ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മണിയും നാട്ടുകാരും ചേർന്ന് തടഞ്ഞതും പിന്നാലെ മന്ത്രി എം എം മണി സബ് കളക്ടറെ വിമർശിച്ചതുമെല്ലാം വലിയ വിവാദമായതാണ്. ശ്രീറാം വെങ്കിട്ടരാമൻ സ്ഥലം മാറിപ്പോയതിന് പിന്നാലെ റവന്യൂ രേഖകളിൽ തിരിമറി നടത്തി കെഡിഎച്ച് ഡപ്യൂട്ടി തഹസിൽദാർ അനധികൃതമായി കൈവശാവകാശ രേഖ നൽകുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിപ്രകാരം കയ്യേറ്റ ഭൂമിയിൽ വീടും വച്ചു. 

വിരമിച്ചെങ്കിലും സർക്കാർ ക്വാർട്ടേഴ്സിലാണ് മണി ഇപ്പോഴും താമസിക്കുന്നത്. ഇങ്ങനെ കയ്യേറ്റത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്ത ഡെപ്യൂട്ടി തഹസിൽദാറും വില്ലേജ് ഓഫിസറും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവികുളം സബ് കളക്ടർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാര്യങ്ങൾ പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Follow Us:
Download App:
  • android
  • ios