കൊച്ചി: വാളയാർ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തിൽ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയതായി സംസ്ഥാന സർക്കാർ. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് നിലപാട് അറിയിച്ചത്.

വിജ്ഞാപനത്തിൽ ഒരു കുട്ടിയുടെ മണത്തെക്കുറിച്ച് മാത്രമാണുള്ളതെന്നായിരുന്നു പരാതി. ഇത് അന്വേഷണത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറയിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനം ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി  അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

അതേസമയം, വാളയാർ കേസിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനൊരുങ്ങിയിരിക്കുകയാണ് സമരസമിതി. കേസ് അന്വേഷണത്തിൽ അട്ടിമറിശ്രമം നിലനിൽക്കുന്നു എന്ന് ആരോപിച്ചാണ് സമരം. വെള്ളിയാഴ്ച മുതൽ ആണ് നിരാഹാര സമരം ആരംഭിക്കുന്നത്. സാംസ്കാരിക നായകരും സാമൂഹ്യ പ്രവർത്തകരും നിരാഹാരം ഇരിക്കും. ഫെബ്രുവരി അഞ്ചിന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കും.