തിരുവനന്തപുരം നന്ദൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം ക്യാൻ്റീനിലെ അറ്റകുറ്റപ്പണിക്കെത്തിയ കരാർ തൊഴിലാളികൾ മുറിച്ചു. ക്യാന്‍റീനിന്‍റെ അറ്റകുറ്റപ്പണിക്കിടെ മൈലാഞ്ചിയാണെന്ന് തെറ്റിദ്ധരിച്ചാണ് മരം മുറിച്ചത്. മുറിച്ച ഭാഗങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നും തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ച പിഴവാണെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്‍റീനിന്‍റെ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം. തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ച പിഴവാണെന്നും ചന്ദനമരത്തിൻ്റെ മുറിച്ച ഭാഗങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്‍റീനിന്‍റെ അറ്റകുറ്റപ്പണികൾക്കായാണ് തൊഴിലാളികൾ എത്തിയത്. ക്യാന്‍റീന് സമീപത്ത് ചേർന്നുനിന്ന ചന്ദനമരത്തിന്‍റെ ഒരു വലിയ ശിഖരം അപകടകരമായ രീതിയിൽ താഴേക്ക് വീഴാറായ നിലയിലായിരുന്നു. ഇത് മുറിക്കുകയാണെന്ന് കരാറുകാരനെ അറിയിച്ച ശേഷമാണ് മുറിച്ചത്. എന്നാൽ, സംശയം തോന്നിയ ദേവസ്വം ബോർഡ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ചന്ദന മരമാണ് മുറിച്ചതെന്ന് മനസിലായത്. പിന്നാലെ തടികൾ ജീവനക്കാർ സ്ട്രോങ് റൂമിലേക്ക് മാറ്റി. ചന്ദനമരത്തിന്‍റെ ഇലകൾ ചെറുതായതുകൊണ്ടും മൈലാഞ്ചി ഇലകളോട് സാമ്യമുള്ളതുകൊണ്ടും തൊഴിലാളി ഇത് മൈലാഞ്ചിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. അറിയാതെ മുറിച്ചതാണെന്നാണ് വിവരമെന്നും മുറിച്ച ഭാഗം ദേവസ്വം ബോർഡ് സംരക്ഷണത്തിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. നടപടിയുടെ ഭാഗമായി കരാറുകാരനും ജീവനക്കാരുമുൾപ്പടെ പേരെഴുതി മഹസർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.


