തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടർമാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. രാവിലെ 10 മുതൽ 11 വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സൂചനാ സമരം. 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്കും പ്രിന്‍സിപ്പൽ ഓഫീസുകളിലേക്കും ഡോക്ടർമാര്‍ മാര്‍ച്ച് നടത്തും. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനം. 2009ലാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം ഏറ്റവും ഒടുവിലായി പരിഷ്കരിച്ചത്. ഇതിന് ശേഷം രണ്ട് തവണ ഹെൽത്ത് സർവീസിന് കീഴിലുള്ള ഡോക്ടർമാർക്ക് ശമ്പളം പരിഷ്കരിച്ചിരുന്നു.