Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിയെ സഹായിച്ച് സര്‍ക്കാര്‍; ലേക് പാലസ് റിസോര്‍ട്ടിന്‍റെ പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം

പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുകൂലമായ നടപടി  നഗരസഭ സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 
 

government gave fine relaxation for thomas chandy lake palace resort
Author
Alappuzha, First Published Jul 12, 2019, 11:01 AM IST

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുകൂലമായ തീരുമാനമെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്‍റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കഴിഞ്ഞമാസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു.  സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗൺസില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്. 

സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios