തിരുവനന്തപുരം: സംസ്ഥാനത്തെ വലിയ കെട്ടിടങ്ങൾക്ക് മണ്ണെടുക്കുന്നതിന് ഇളവ് നൽകി മന്ത്രിസഭായോഗം. 20,000 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് ഇനി മുതൽ പാരിസ്ഥിതിക അനുമതി വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. 

300 ചതുരശ്ര മീറ്റർ അതായത് 3228 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടനി‍ർമ്മാണത്തിന് മണ്ണെടുപ്പിന് അനുമതി വേണമായിരുന്നു. ഖനനമായി കണക്കാക്കി പാരിസ്ഥിതിക അനുമതിയാണ് എടുക്കേണ്ടിയിരുന്നത്. ഈ പരിധിയാണ് 20000 ചതുരശ്രമീറ്ററായി ഉയർത്തിയത്. അടിത്തറ കെട്ടുന്നതിന് മണ്ണെടുക്കാനാണ് അനുമതി വേണ്ടാത്തത്. 

പെർമിറ്റിനായി 50 മീറ്റർ ചുറ്റളവിലുള്ള വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയുടെ ഉടമസ്ഥരിൽ നിന്നും സമ്മതപത്രം, റവന്യൂ രേഖകൾ, സർവെ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു. ഈ അനുമതികൾക്കാണ് ഇളവ്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നൽകുന്നതെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം.

പുതിയ ഇളവോടെ ഫ്ലാറ്റുകൾ ഉൾപ്പടെ വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഇനി പാരിസ്ഥിതിക അനുമതി വേണ്ട. മണ്ണെടുക്കാൻ പരിസ്ഥിതി അനുമതി 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്കാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.