കൊച്ചി: എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാരിൻറെ നീക്കം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള വിജിലൻസിന്റെ തീരുമാനം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. നിലവിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്  എംഡിയാണ് രാജമാണിക്യം. 

കൊച്ചി മെട്രോ റെയിലിനായി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. കേസിൽ തുടരന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ അനുമതി നൽകുകയായിരുന്നു. മെട്രൊ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.