അമിത വേഗം കണ്ടെത്തുകയും ബസ് എവിടെയെത്തി എന്നറിയുകയുമൊക്കെയായിരുന്നു ജിപിഎസുകൊണ്ടുള്ള പ്രധാന ലക്ഷ്യങ്ങള്‍.

തിരുവനന്തപുരം: ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജിപിഎസ് ഘടിപ്പിക്കാൻ പണമില്ലെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന്‍റെ മറവിലാണ് സ്വകാര്യ ബസുകള്‍ക്ക് കൂടി ഇളവ് അനുവദിച്ചത്. മത്സരയോട്ടം ഉള്‍പ്പെടെ പിടികൂടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. 

അമിത വേഗം കണ്ടെത്തുകയും ബസ് എവിടെയെത്തി എന്നറിയുകയുമൊക്കെയായിരുന്നു ജിപിഎസുകൊണ്ടുള്ള പ്രധാന ലക്ഷ്യങ്ങള്‍. മുഴുവൻ കെഎസ്‍ആര്‍ടിസി ബസുകളിലും ജനുവരി 31ന് മുമ്പും സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 14ന് മുമ്പും ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. ഈ ഉത്തരവിലാണ് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തത്. എല്ലാ ബസുകള്‍ക്കും ജിപിഎസ് ഘടിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി നല്‍കി. 

ജിപിഎസ് ഘടിപ്പിക്കാനുള്ള പണമില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍, സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് ഇളവ് അനുവദിച്ചത്. ഇതിന്‍റെ മറവില്‍ സ്വകാര്യ ബസുകള്‍ക്കും സമയം നീട്ടി നല്‍കി. ഓരോ വര്‍ഷവും ബസ് അപകടങ്ങളില്‍ മരിക്കുന്നത് നൂറുകണക്കിന് ആളുകളാണ്. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും നിയമനത്തില്‍ വെള്ളം ചേര്‍ക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.