Asianet News MalayalamAsianet News Malayalam

കെടിയു വിസി നിയമനം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഗവര്‍ണറോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി

കെടിയു വിസിയായി സിസി തോമസിനെ എങ്ങനെയാണ് കണ്ടെത്തിയതെന്ന് ചാന്‍സലറോട് ഹൈക്കോടതി ആരാഞ്ഞു. 

government in high court on appointment of ktu vc
Author
First Published Nov 25, 2022, 4:37 PM IST

കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവ‍ർണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിസ തോമസിന്‍റെ പേര് ആരാണ് നിർദേശച്ചതെന്ന് സിംഗിൾ ബെഞ്ച് ആവർത്തിച്ചാരാ‍ഞ്ഞു. സാങ്കേതിക സർവകലാശാലയിലെ വിദ്യാ‍ർഥികളുടെ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് താൽക്കാലിക വൈസ് ചാൻസലർ നിയമനം എങ്ങനെയായിരുന്നെന്ന ചോദ്യം കോടതി ആവർത്തിച്ചാരാഞ്ഞത്. 

വിദ്യാ‍ർഥികളുടെ ഭാവി വെച്ച് പന്താടാൻ പറ്റില്ല. സർവകലാശാല സംവിധാനത്തിലുളള വിശ്വാസം വിദ്യാ‍ർഥികൾക്ക് നഷ്ടപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു. മറ്റ് സ‍ർവകലാശാലകളിലെ യോഗ്യരായ വിസിമാരും പ്രോ വൈസ് ചാൻസലർമാരും ഉണ്ടായിട്ടും സിസ തോമസിനെ ഗവർണർ എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ഗവർണറുടേത് ഏകപക്ഷീയമായ തീരുമാനമായിരുന്നെന്നും സർക്കാരിനോട് ഫോണിൽ പോലും ചോദിച്ചില്ലെന്നും എജി മറുപടി നൽകി. 

സർക്കാരുമായി കൂടിയാലോചിച്ചേ വൈസ് ചാൻസലറെ നിയമിക്കാവൂ എന്ന ചട്ടം ഗവർണർ ലംഘിച്ചെന്നും സർക്കാർ അറിയിച്ചു. എന്നാൽ സർക്കാ‍ർ നൽകിയ പേരുകാ‍ർക്ക് വേണ്ടത്ര യോഗ്യതയില്ലായിരുന്നെന്നും മികച്ചയാളെയാണ് ചുമതലപ്പെടുത്തിയതെന്നും ഗവർണറും നിലപാടെടുത്തു. സിസ തോമസിന്‍റെ യോഗ്യതയിലല്ല സീനിയോറിറ്റിയിലാണ് സംശയമെന്നും അക്കാര്യമാണ് പരിശോധിക്കുന്നതെന്നും വാദത്തിനിടെ കോടതി പറഞ്ഞു. സർക്കാരിന്‍റെ ഹർജി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. 

 

Follow Us:
Download App:
  • android
  • ios