അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും വിഷമിക്കുന്ന ഇടുക്കി തൂക്കുപാലം സ്വദേശിയും കാന്‍സര്‍ രോഗിയുമായ എഴുപതുകാരിയുടെ അവസ്ഥയെപ്പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കണ്ടാണ് മന്ത്രി ഇടപെട്ടത്.

തിരുവനന്തപുരം: നാലു വർഷം മുമ്പ് ആളുമാറി പണമെത്തിയതിനെ തുടർന്ന് എഴുപതുകാരിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ (Veena George) ഇടപെടൽ. എത്രയും പെട്ടെന്ന് മരവിപ്പിച്ച അക്കൗണ്ട് പുസ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ഇ മെയിൽ ലഭിച്ചതോടെ മരവിപ്പിച്ചിരുന്ന അക്കൊണ്ട് പുനസ്ഥാപിച്ചതായി തൂക്കുപാലം എസ്ബിഐ മാനേജർ പറഞ്ഞു. 

ഇടുക്കി തൂക്കുപാലം സ്വദേശിയായ കാർത്ത്യായനിയുടെ അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പിഴവുമൂലം അക്കൗണ്ടിലേക്ക് നാലുവർഷം മുമ്പ് പണമെത്തിയതിനെ തുടർന്ന് അടുത്തിടെ കാർത്ത്യായനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ട് വന്നത്. പണമെടുക്കാൻ കഴിയാതെ വന്നതോടെ മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമൊന്നും വഴിയില്ലാതെ വിഷമിക്കുകയായിരുന്നു ഇവർ.

ആറ് വർഷമായി ക്യാൻസർ ചികിത്സയിലാണിവർ. രോഗം ബാധിച്ചപ്പോൾ ചികിത്സ സഹായത്തിനായി അപേക്ഷിച്ചതിനെ തുടർന്നാണ് 2018 ൽ രണ്ട് തവണ ഇവരുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ വീതം ആരോഗ്യവകുപ്പിൽ നിന്നുമെത്തിയത്. തൊഴിലുറപ്പ് പണിക്കൂലിയും പെൻഷനുമെല്ലാം എത്തിയിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ട് പുനസ്ഥാപിച്ചതോടെ അടുത്ത ദിവസം തന്നെ പണമെടുത്ത് ആശുപത്രിയിൽ പോകാനുള്ള തീരുമാനത്തിലാണിവർ.

  • ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

പാലക്കാട്: പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് (Mud Racing) പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ (Thrissur) സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി.