തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. 

സഭാ തര്‍ക്കം പരിഹരിക്കാന്‍ നാളെ വിപുലമായ ചർച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം. ഇരു സഭകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കം  നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടർമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. 

അതേസമയം, സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി.