തിരുവനന്തപുരം: ഐഎഎസ് അസോസിയേഷന്‍റെ എതിർപ്പ് തള്ളി സർവ്വേ ഡയറക്ടർ സ്ഥാനത്തുനിന്നും വി ആർ പ്രേംകുമാറിനെ മാറ്റി സർക്കാർ ഉത്തരവിറക്കി. റീ സർവ്വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സർവ്വേ ഡയറക്ടറെ മാറ്റാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍  റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ് കാരണം ഉത്തരവ് ഇറക്കാതെ മാറ്റിവെക്കുകയായിരുന്നു. ഒരു കാരണവും ഇല്ലാതെയും തന്നെ അറിയിക്കാതെയും എടുത്ത തീരുമാനത്തിൽ റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി ഡോക്ടര്‍ വി വേണു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. രണ്ട് വർഷമെങ്കിലും പൂർത്തിയാകാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് കാണിച്ച് ഐഎഎസ് അസോസിയേഷൻ പ്രമേയവും പാസ്സാക്കി. ഇതോടെ പ്രേംകുമാറിന്‍റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാതിരുന്നു. ഉത്തരവ് മരവിപ്പിക്കുമെന്ന് അഭ്യൂഹവുമുണ്ടായി. 

എന്നാൽ മന്ത്രിസഭാ യോഗ തീരുമാനത്തെ എതിർത്ത റവന്യു സെക്രട്ടറിയുടെ നടപടിയിൽ ചില മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗം പ്രശ്‍നം വീണ്ടും ചർച്ച ചെയ്യുമെന്ന സുചനയ്ക്കിടെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. പ്രേംകുമാറിന് പുതിയ നിയമനവും നൽകിയില്ല. ഗിരിജയാണ് പുതിയ സർവ്വേ ഡയറക്ടർ. പ്രതിഷേധം അറിയിച്ച് കത്തയച്ച റവന്യു സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഒപ്പം റവന്യു സെക്രട്ടറിയുടേയും ഐഎഎസ് അസോസിയേഷൻറെയും തുടർ നീക്കങ്ങളും പ്രധാനമാണ്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...