പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ അയ്യായിരത്തിലേറെ അധ്യാപകർ കടുത്ത ആശങ്കയിലാണ്. മന്ത്രി ശിവൻകുട്ടിയോ സർക്കാരോ കൃത്യമായ നിലപാട് പറയാത്തത് ഉയർന്ന യോഗ്യതയോടെ ജോലി നേടിയവരുടെ ആശങ്ക ഉയർത്തുന്നു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയിൽ അയ്യായിരത്തിലേറെ വരുന്ന അധ്യാപകർ കടുത്ത ആശങ്കയിലാണ്. നിവേദനം മന്ത്രിക്ക് നേരിട്ട് സമർപ്പിച്ചിട്ടുപോലും കോടതി വിധിയുമായി ബന്ധപ്പെട്ട് സെറ്റ് പാസായി ഏറെക്കാലമായി ജോലി ചെയ്യുന്ന അധ്യാപകരുടെ ആശങ്കകൾ അകറ്റാൻ സർക്കാർ വ്യക്തത വരുത്തിന്നില്ലെന്നതാണ് ഇവരുടെ പരാതി. കെ-ടെറ്റ് നിർബന്ധമായ തസ്തികകളിൽ ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നേടിയ അധ്യാപകരാണ് ആശങ്കയിൽ കഴിയുന്നത്.

കെ-ടെറ്റിനേക്കാൾ ഉയർന്ന യോഗ്യതാ പരീക്ഷയാണ് ഫലത്തിൽ സെറ്റ് പരീക്ഷയെന്ന് എടരിക്കോട് പികെഎം എച്ച്എസ്എസ് ഹൈസ്‌കൂൾ അധ്യാപികയായ എ.ഷഫ്‌ന ചൂണ്ടിക്കാട്ടുന്നു. 'താനടക്കം സെറ്റ് പാസായി അധ്യാപകരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേർ സംസ്ഥാനത്തെമ്പാടുമുണ്ട്. ഇനി സ്ഥാനക്കയറ്റം ലഭിക്കാനും ജോലി ഉറപ്പിക്കാനും വർഷങ്ങളോളം ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളവർ വീണ്ടും പരീക്ഷയെഴുതി മികവ് തെളിയിക്കണമെന്ന് പറയുന്നത് വലിയ പ്രയാസമുണ്ടാക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്,' - അവർ പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്തംബർ മാസം ഒന്നാം തീയതിയാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. ടെറ്റ് നിർബന്ധമായ തസ്തികകളിലേക്ക് ഉയർന്ന ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ ടെറ്റ് പാസാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. അതിനാൽ തന്നെ ഇനി മുതൽ സെറ്റ്, നെറ്റ്, എംഎഡ്, പിഎച്ച്ഡി യോഗ്യതകളുള്ളവർക്ക് ടെറ്റ് പരീക്ഷ പാസാകാതെ ടെറ്റ് യോഗ്യത നിർബന്ധമായ ജോലിക്ക് അപേക്ഷിക്കാനാവില്ല. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ടെറ്റ് തസ്തിക നിർബന്ധമാക്കിയ തസ്തികകളിൽ ഉയർന്ന യോഗ്യതകൾ അടിസ്ഥാനമാക്കി ജോലിയിൽ പ്രവേശിച്ചവർക്ക് അഞ്ച് വർഷത്തിലേറെ സർവീസ് ബാക്കിയുണ്ടെങ്കിൽ ടെറ്റ് പരീക്ഷ പാസാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് വർ‌ഷത്തിനകം കെ ടെറ്റ് പാസാകാത്തവർ സർവീസിൽ നിന്ന് പുറത്താകുമെന്നും സുപ്രീം കോടതി വിധിയിൽ വിശദീകരിച്ചു. കെ ടെറ്റ് നിർബന്ധമാക്കിയ 2012 ഏപ്രിലിന് ശേഷം സെറ്റ് അടക്കം ഉയർന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ അധ്യാപകരായി ജോലിക്ക് കയറിയവരുടെ ജോലി പോലും ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചുവർഷം സർവീസില്ലാത്തവർക്ക് സ്ഥാനക്കയറ്റം വേണമെങ്കിലും കെ ടെറ്റ് വിജയിക്കണമെന്നാണ് വിധി വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി മന്ത്രി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിന് പിന്നാലെ റിവ്യൂ പെറ്റീഷൻ നൽകുന്നത് പരിശോധിക്കാൻ അഡ്വക്കറ്റ് ജനറൽ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സർക്കാർ ഈ വിഷയത്തിൽ സെറ്റ് പാസായ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്ന വിധത്തിൽ കൃത്യമായ നിലപാട് എടുക്കാത്തത് അധ്യാപകരെ ആശങ്കയിലാക്കുന്നു.