കൊച്ചി: കൊല്ലത്തെ റംസിയുടെ ആത്മഹത്യാ കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന്‍റെയും ഭർത്താവ് അസ്ഹറുദീന്‍റെയും മുൻ‌കൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ലക്ഷ്മി പ്രമോദിനെയും ഭർത്താവിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അപ്പീലില്‍ പറയുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്. വഞ്ചനാകുറ്റം ഉൾപ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസിലിന്‍റെ ആവശ്യം. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു.