തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഡിജിപിക്ക് സർക്കാരിന്‍റെ അനുമതി. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശത്തിൽ നിയമ നടപടിക്ക് അനുമതി തേടിക്കൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ അപേക്ഷയിലാണ് അനുമതി.

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളിയുടെ മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട് ബെഹ്റ നല്‍കിയ കത്തിലാണ് സർക്കാരിന്‍റെ അനുമതി. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കത്തിൽ ഇപ്പോഴാണ് തീരുമുണ്ടായത്.

ഒരു ഉന്നതപദവിലിരിക്കുന്ന ഉദ്യോഗസ്ഥന് മാനഹാനി ഉണ്ടാക്കുന്ന പ്രസ്താവനയാണ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഉണ്ടായതെന്നും അതിനാൽ കേസുമായി മുന്നോട്ടുപോകാൻ ഡിജിപിക്ക് അനുമതി നൽകുന്നതായി ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രതിപക്ഷത്തെ പ്രമുഖപാർട്ടിയുടെ അധ്യക്ഷനെതിരെ പൊലീസ് മേധാവി മാനനഷ്ടകേസിന് പോകുന്നതും അതിന് സർക്കാർ അനുമതി നൽകുന്നതും ഇതാദ്യമായാണ്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്ത് അന്നത്തെ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു.