Asianet News MalayalamAsianet News Malayalam

പണമില്ലാതെ ചികിത്സയില്ല: അപകടത്തിൽ പെട്ടവർക്ക് ഉടൻ സൗജന്യ ചികിത്സയെന്ന സർക്കാർ വാഗ്ദാനം പാഴായി

ഗുരുതര പരിക്ക് പറ്റി എത്തുന്നവർ മുൻകൂര്‍ പണം അടച്ചില്ലെങ്കില്‍ പല സ്വകാര്യ ആശുപത്രികളും ചികില്‍സ നല്‍കാത്ത അവസ്ഥയാണിപ്പോഴുള്ളത്. പ്രായോഗികമല്ലെന്ന് തുടക്കത്തിൽ തന്നെ വിമർശനം കേട്ട പദ്ധതിയിപ്പോള്‍ മുടങ്ങിയ അവസ്ഥയിലാണുള്ളത്

GOVERNMENT PLAN TO AVAIL FREE TREATMENT TO ACCIDENT VICTIMS FOR 48 HOURS FAILS
Author
Kollam, First Published Jun 25, 2019, 10:36 AM IST

കൊല്ലം: അപകടത്തില്‍ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂര്‍ ചികില്‍സ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഗുരുതര പരിക്ക് പറ്റി എത്തുന്നവർ മുൻകൂര്‍ പണം അടച്ചില്ലെങ്കില്‍ പല സ്വകാര്യ ആശുപത്രികളും ചികില്‍സ നല്‍കാത്ത അവസ്ഥയാണിപ്പോഴുള്ളത്. സൗജന്യ ചികില്‍സ ഉറപ്പാക്കാൻ ഇൻഷുറൻസ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ അവർ ആദ്യം ചോദിച്ചത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയാണ്. മാതാപിതാക്കൾ വന്ന് ഒപ്പിട്ട് പൈസ നൽകിയതിന് ശേഷമേ സിടി സ്കാൻ ചെയ്യൂ എന്ന് ആശുപത്രി അധികൃതർ തറപ്പിച്ച് പറഞ്ഞു. ഒടുവിൽ ആളുകൾ എത്തി പതിനായിരം രൂപ കെട്ടിവച്ച ശേഷമാണ് രോഗിയെ സിടി സ്കാൻ ചെയ്യുവാനായി കൊണ്ടു പോയത്. പക്ഷേ പരിക്കേറ്റയാൾ മരിച്ചു. 

പരിക്കേറ്റെത്തുന്നവരുടെ ആദ്യ 48 മണിക്കൂര്‍ ചികില്‍സ സര്‍ക്കാര്‍ വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിരുന്നൂവെങ്കില്‍ ആ യുവാവിന് ഒരു പക്ഷേ  ദാരുണാന്ത്യം ഉണ്ടാകുമായിരുന്നില്ല. ആശുപത്രികൾ മാറി മാറി കയറിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് തമിഴ്നാട് സ്വദേശി മുരുകൻ മരിച്ചപ്പോൾ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പായിരുന്നു ഇനി ഇങ്ങനെയൊന്ന് സംഭവിക്കാൻ അനുവദിക്കില്ല എന്നത്. അതിനാവശ്യമായ എന്ത് നിയമഭേദഗതി വേണമെങ്കിലും നടത്തുമെന്നും പിണറായി വിജയൻ സഭയിൽ പ്രഖ്യാപിച്ചിരുന്നു. 

2017 നവംബർ ഒന്നിനാണ് പുതിയ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതി പ്രായോഗികമല്ലെന്ന് തുടക്കത്തിൽ തന്നെ വിമർശനമുയർന്നിരുന്നു. ഇപ്പോഴാകട്ടെ പദ്ധതി തുടക്കത്തിൽ തന്നെ മുടങ്ങിയ അവസ്ഥയിലും.

പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കിൽ  സര്‍ക്കാര്‍ തന്നെ ചെലവ് വഹിക്കും. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ പണം റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് നല്‍കും. ഇൻഷുറൻസ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ ഒരുങ്ങിയത്. എന്നാൽ ഇൻഷുറൻസ് കമ്പനികൾക്ക് പദ്ധതിയോട് അത്ര മമതയില്ല. 

പദ്ധതിയില്‍ അംഗമായാൽ വൻ ബാധ്യത ആകുമെന്ന നിലപാടിലാണ് ഇൻഷുറൻസ് കമ്പനികളുള്ളത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. റോഡ് സുരക്ഷ ഫണ്ട്, കെഎസ്ടിപി, സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. 

Follow Us:
Download App:
  • android
  • ios